top of page

കൈമുട്ട് വേദന: ക്യൂബിറ്റൽ ടണൽ സിൻഡ്രോം കാരണമാവാം.

Updated: Feb 14, 2022



എന്താണ് ക്യൂബിറ്റൽ ടണൽ സിൻഡ്രോം?


കൈമുട്ടിന്റെ ഉള്ളിലെ ക്യൂബിറ്റൽ ടണലിലൂടെ (ലിഗമെന്റ്, പേശി, അസ്ഥി എന്നിവയുടെ ആന്തരികവശം) കടന്നുപോകുന്ന അൾനാർ നാഡി അസ്വസ്ഥമാക്കപ്പെടുകയും വീക്കം സംഭവിക്കുകയും വീർക്കുകയും ചെയ്യുമ്പോൾ ക്യൂബിറ്റൽ ടണൽ സിൻഡ്രോം സംഭവിക്കുന്നു.


ക്യുബിറ്റൽ ടണൽ സിൻഡ്രോം നിങ്ങളുടെ കൈമുട്ടിലെ "ഫണ്ണി ബോൺ" (കൈമുട്ടിന്റെ ഒരു ഭാഗം) ൽ എന്തെങ്കിലും അടിക്കുമ്പോൾ അനുഭവപ്പെടുന്ന വേദനയ്ക്ക് സമാനമായ വേദനയാണ് ഉണ്ടാക്കുന്നത് . കൈമുട്ടിലെ "ഫണ്ണി ബോൺ" യഥാർത്ഥത്തിൽ അൾനാർ നാഡിയാണ്. കൈമുട്ടിന് മുകളിലൂടെ കടന്നുപോകുന്ന ഒരു നാഡി. അൾനാർ നാഡി നിങ്ങളുടെ കഴുത്തിന്റെ വശത്ത് നിന്ന് ആരംഭിച്ച് നിങ്ങളുടെ വിരലുകളിൽ അവസാനിക്കുന്നു.


എന്തൊക്കെയാണ് ക്യൂബിറ്റൽ ടണൽ സിൻഡ്രോമിന് കാരണമാകുന്നത്?


ഒരു വ്യക്തി കൂടുതലായി കൈമുട്ട് വളയ്ക്കുകയാണെങ്കിൽ (ഉയർത്തുമ്പോൾ, വലിക്കുമ്പോൾ, അല്ലെങ്കിൽ എത്തിപ്പിടിക്കുമ്പോൾ ), ആ ഭാഗത്ത് മുറിവുണ്ടായിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ കൂടുതൽ സമയവും കൈമുട്ടിന്മേൽ ചാരി നിൽക്കുകയാണെങ്കിൽ ക്യൂബിറ്റൽ ടണൽ സിൻഡ്രോം സംഭവിക്കാം.

ബോൺ സ്പർസ്, ആർത്രൈറ്റിസ് അഥവാ സന്ധിവാതം, സ്ഥാനചലനങ്ങൾ അല്ലെങ്കിൽ കൈമുട്ടിനു മുമ്പ് ഉണ്ടായിട്ടുള്ള ഒടിവുകൾ എന്നിവയും ക്യൂബിറ്റൽ ടണൽ സിൻഡ്രോമിന് കാരണമാകും.

മിക്ക കേസുകളിലും, കാരണം അജ്ഞാതമാണ്.


ക്യൂബിറ്റൽ ടണൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ക്യൂബിറ്റൽ ടണൽ സിൻഡ്രോമിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ താഴെ ചേർക്കുന്നു :

  • പേശികളുടെ ബലഹീനത കാരണം കൈ കൊണ്ട് മുറുക്കെ പിടിക്കാൻ കഴിയാതെ വരിക

  • രാത്രിയിൽ കൈകളിൽ ഉണ്ടാകുന്ന മരവിപ്പും തരിപ്പും

  • തരിപ്പ് അല്ലെങ്കിൽ കൈയുടെ കാഠിന്യം. അല്ലെങ്കിൽ മോതിരവിരലിലും ചെറുവിരലിലും ഉണ്ടാകുന്ന വേദന, പ്രത്യേകിച്ച് കൈമുട്ട് വളയ്ക്കുമ്പോൾ

  • കൈമുട്ടിന്റെ ഉള്ളിൽ ഉണ്ടാകുന്ന കടുത്ത വേദന

  • കൈ വേദന

ക്യുബിറ്റൽ ടണൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ മീഡിയൽ എപികോണ്ടൈലൈറ്റിസ് (ഗോൾഫർ എൽബോ) ഉൾപ്പെടെയുള്ള മറ്റ് പല ആരോഗ്യപ്രശ്നങ്ങളും അല്ലെങ്കിൽ അവസ്ഥകളും പോലെ തോന്നാം. ശരിയായ രോഗനിർണയത്തിനായി എല്ലായ്പ്പോഴും ഒരു ഓർത്തോപീഡിസ്റ്റുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നു.


ക്യുബിറ്റൽ ടണൽ സിൻഡ്രോം എങ്ങനെയാണ് നിർണ്ണയിക്കുന്നത്?

ഒരു ശാരീരിക പരിശോധനയ്ക്കു പുറമെ ക്യൂബിറ്റൽ ടണൽ സിൻഡ്രോം തിരിച്ചറിയുന്നതിന് ആവശ്യമായ ഡയഗ്നോസ്റ്റിക് പരിശോധനകളും വേണ്ടി വരുന്നു.

  • ഇലക്‌ട്രോമിയോഗ്രാം (EMG): ഈ പരിശോധന പേശികളുടെയും നാഡികളുടെയും പ്രവർത്തനം പരിശോധിക്കുന്നു, അൾനാർ നാഡി നിയന്ത്രിക്കുന്ന കൈത്തണ്ടയിലെ പേശികൾ പരിശോധിക്കുന്നതിനും ചിലപ്പോൾ ഇത് ഉപയോഗിച്ചേക്കാം. പേശികൾ ശെരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, അത് അൾനാർ നാഡിക്ക് പ്രശ്നമുണ്ടെന്നതിന്റെ സൂചനയായിരിക്കാം.


  • നെർവ് കണ്ടക്ഷൻ ടെസ്റ്റ് : നാഡിയുടെ സങ്കോചമോ ഞെരുക്കമോ കണ്ടെത്തുന്നതിന് സിഗ്നലുകൾ എത്ര വേഗത്തിൽ നാഡിയിലൂടെ സഞ്ചരിക്കുന്നുവെന്ന് അളക്കാൻ ഈ പരിശോധന സഹായിക്കുന്നു.


  • എക്‌സ്-റേ: കൈമുട്ടിന്റെ അസ്ഥികൾ പരിശോധിച്ച് നിങ്ങളുടെ കൈമുട്ടിൽ ബോൺ സ്‌പർസ് അല്ലെങ്കിൽ ആർത്രൈറ്റിസ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇത് ചെയ്യുന്നത്.

ക്യൂബിറ്റൽ ടണൽ സിൻഡ്രോം എങ്ങനെയാണ് ചികിത്സിക്കുന്നത്?

ക്യൂബിറ്റൽ ടണൽ സിൻഡ്രോമിന് ഏറ്റവും ഫലപ്രദമായ ചികിത്സ പ്രശ്നമുണ്ടാക്കുന്ന പ്രവർത്തനം നിർത്തുക എന്നതാണ്. ചികിത്സയിൽ ഉൾപ്പെടുന്നവ ഇവയാണ് :

  • എൽബോ ബ്രേസ് രാത്രിയിൽ ധരിക്കേണ്ടതാണ് (പ്രകോപനം കുറയ്ക്കുന്നതിനും ചലനം പരിമിതപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.)

  • ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ

  • കൈമുട്ട് വളയ്ക്കുന്നത് പോലെ, അവസ്ഥ വഷളാക്കുന്ന ഏതൊരു പ്രവർത്തനവും നിർത്തുകയോ വിശ്രമിക്കുകയോ ചെയ്യുക

  • നാഡി ഗ്ലൈഡിംഗ് വ്യായാമങ്ങൾ ചെയ്യുക

  • ഒരു എൽബോ പാഡ് ഉപയോഗിക്കുക (കഠിനമായ പ്രതലങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥതയിൽ നിന്ന് സംരക്ഷിക്കാൻ)

ഈ ചികിത്സകൾ ഫലം കാണുന്നില്ലെങ്കിൽ , ഡോക്ടർ ശസ്ത്രക്രിയ ശുപാർശ ചെയ്തേക്കാം.


ക്യൂബിറ്റൽ ടണൽ സിൻഡ്രോം തടയാൻ എന്തെല്ലാം ചെയ്യണം?

ക്യൂബിറ്റൽ ടണൽ സിൻഡ്രോം ഒഴിവാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:

  • നിങ്ങളുടെ കൈകൾ ശക്തവും വഴക്കമുള്ളതുമായി സൂക്ഷിക്കുക.

  • സ്പോർട്സിനോ വ്യായാമത്തിനോ മറ്റ് ആവർത്തിച്ചുള്ള ചലനങ്ങൾക്കോ ​​വേണ്ടി കൈകൾ ഉപയോഗിക്കുന്നതിന് മുമ്പ് ലളിതമായ വ്യായാമങ്ങൾ ചെയ്യുക .

  • നിങ്ങളുടെ കൈമുട്ടിൽ വിശ്രമിക്കരുത്, പ്രത്യേകിച്ച് കഠിനമായ പ്രതലത്തിൽ.

എപ്പോഴാണ് ഒരു ഡോക്ടറെ കാണേണ്ടത് ?

  • നിങ്ങളുടെ പതിവ് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള വേദന ഉണ്ടെങ്കിൽ.

  • കൈയിൽ മരവിപ്പ്, ബലഹീനത അല്ലെങ്കിൽ തരിപ്പ് ഉണ്ടെങ്കിൽ

  • കാലക്രമേണ മെച്ചപ്പെടുകയോ മോശമാവുകയോ ചെയ്യാത്ത വേദന ഉണ്ടെങ്കിൽ

മുകളിൽ പറഞ്ഞവ നിങ്ങൾക്കുണ്ടെകിൽ എത്രയും പെട്ടെന്ന് ഒരു ഓർത്തോപീഡിക് ഡോക്ടറുടെ സഹായം തേടേണ്ടതാണ്.


ക്യൂബിറ്റൽ ടണൽ സിൻഡ്രോമിനെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ

  • ഒരു വ്യക്തി പതിവായി കൈമുട്ടിന്മേൽ ചാരി നിൽക്കുമ്പോഴോ കൈമുട്ടുകൾ വളയ്ക്കുമ്പോഴോ ആ ഭാഗത്ത് മുറിവുണ്ടാകുമ്പോഴോ ക്യൂബിറ്റൽ ടണൽ സിൻഡ്രോം ഉണ്ടാകാം. ബോൺ സ്പർസ്, ആർത്രൈറ്റിസ്, സ്ഥാനഭ്രംശം അല്ലെങ്കിൽ കൈമുട്ടിന്റെ മുൻ ഒടിവുകൾ എന്നിവയും ഇതിലേക്ക് നയിച്ചേക്കാം. പല കേസുകളിലും, കാരണം അജ്ഞാതമാണ്.

  • ക്യുബിറ്റൽ ടണൽ സിൻഡ്രോം എന്നത് അൾനാർ നാഡിയിലെ പ്രശ്നത്തെ സൂചിപ്പിക്കുന്നു. അൾനാർ നാഡി കൈമുട്ടിന്റെ ആന്തരിക വശത്തിലൂടെ കടന്നുപോകുന്നു. ഇത് വേദനയ്ക്ക് കാരണമായേക്കാം, നിങ്ങൾക്ക് "ഫണ്ണി ബോണിൽ " അടിക്കുമ്പോൾ ഉണ്ടാകുന്ന വേദനയ്ക്ക് സമാനമായ വേദന അനുഭവപ്പെടാം.

  • ക്യുബിറ്റൽ ടണൽ സിൻഡ്രോം മൂലം ഉണ്ടാകുന്ന വീക്കം, വേദന എന്നിവയ്ക്ക് വിശ്രമവും മരുന്നുകളും കൊണ്ട് പരിഹാരം കാണാവുന്നതാണ്. വ്യായാമങ്ങളും സഹായിച്ചേക്കാം. ചില സന്ദർഭങ്ങളിൽ, ശസ്ത്രക്രിയ ശുപാർശ ചെയ്തേക്കാം.

  • ക്യൂബിറ്റൽ ടണൽ സിൻഡ്രോമിന്റെ ഏറ്റവും സാധാരണയായി നിരീക്ഷിക്കപ്പെടുന്ന ലക്ഷണങ്ങൾ കൈയ്യിലോ ചെറുവിരലിലോ മോതിരവിരലിലോ, പ്രത്യേകിച്ച് കൈമുട്ട് വളയുമ്പോൾ ഉണ്ടാകുന്ന തരിപ്പ്,, മരവിപ്പ്, വേദന എന്നിവയാണ്.

അടുത്ത ഘട്ടങ്ങൾ

1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഞങ്ങളുടെ ഡോക്ടറെ സന്ദർശിക്കുന്നതിൽ നിന്ന് പരമാവധി പ്രയോജനം നേടാൻ ഈ വഴികൾ നിങ്ങളെ സഹായിക്കും:

  • ഡോക്ടറെ സന്ദർശിക്കുമ്പോൾ ഒരാളെ കൂടെ കൂട്ടുന്നത് നല്ലതാണ്. ഡോക്ടറോട് കാര്യങ്ങൾ വിശദീകരിക്കാനും ഡോക്ടർ പറയുന്നവ ഓർത്തു വെയ്ക്കാനും ഒരാൾ കൂടെ ഉള്ളത് നല്ലതാണ്.

  • സന്ദർശനത്തിന്റെ ഉദ്ദേശം ശരിയായി മനസിലാക്കുക. ചികിത്സയിലൂടെ നിങ്ങൾക്ക് എന്തെല്ലാം മാറ്റങ്ങൾ വരുമെന്നും ചോദിച്ചറിയുക.

  • നിങ്ങളുടെ സന്ദർശനത്തിന് മുമ്പ് നിങ്ങൾ ചോദിയ്ക്കാൻ ആഗ്രഹിക്കുന്നവ ഒരു പേപ്പറിൽ എഴുതി കൊണ്ടുവരാവുന്നതാണ്.

  • എന്തുകൊണ്ടാണ് ഒരു പുതിയ ചികിത്സയോ മരുന്നോ നിർദ്ദേശിക്കപ്പെടുന്നതെന്നും അത് നിങ്ങളെ എങ്ങനെ സഹായിക്കുമെന്നും അറിയുക. ഇത് കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ച് മനസിലാക്കുക.

  • സന്ദർശന വേളയിൽ, ഒരു പുതിയ രോഗനിർണയത്തിന്റെ പേരും ഏതെങ്കിലും പുതിയ പരിശോധനകളും മരുന്നുകളും അല്ലെങ്കിൽ ചികിത്സകളും ഡോക്ടർ പറയുന്നത് പ്രകാരം എഴുതിയെടുക്കുക. നിങ്ങളുടെ ഡോക്ടർ നിങ്ങൾക്ക് നൽകുന്ന പുതിയ നിർദ്ദേശങ്ങൾ എഴുതുക.

  • ഒരു തുടര്നടപടിക്കായി അപ്പോയ്ന്റ്മെന്റ് നിങ്ങൾക്ക് ശുപാർശ ചെയ്യുകയാണെങ്കിൽ, ആ സന്ദർശനത്തിന്റെ ഉദ്ദേശ്യം, തീയതി, സമയം എന്നിവ എഴുതുക.

  • നിങ്ങളുടെ അവസ്ഥ മറ്റേതെങ്കിലും ഇതര മാർഗങ്ങളിലൂടെ ചികിത്സിക്കാൻ കഴിയുമോ എന്ന് ചോദിക്കുക.

  • ഒരു നടപടിക്രമം അല്ലെങ്കിൽ പരിശോധന നിർദ്ദേശിക്കുന്നത് എന്തുകൊണ്ടാണെന്നും ഫലങ്ങൾ എന്താണ് അർത്ഥമാക്കുന്നതെന്നും അറിയുക.

  • നിങ്ങൾക്ക് കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ ഡോക്ടറെ എങ്ങനെ ബന്ധപ്പെടാമെന്ന് അറിയുക.

  • നിങ്ങൾ ടെസ്റ്റോ മരുന്നോ എടുക്കുന്നില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്ന് അറിയുക.


നിങ്ങളുടെ കൈമുട്ട്, കണങ്കാൽ, തോളെല്ല്, ഇടുപ്പ്, കാൽമുട്ട്, പിൻതുടയിലെ ഞരമ്പ്, പുറം അല്ലെങ്കിൽ കഴുത്ത് എന്നിവയുടെ വേദനയുമായി ബന്ധപ്പെട്ട് കൺസൾട്ടേഷനായി ബാംഗ്ലൂരിൽ ഒരു ഓർത്തോപീഡിസ്റ്റിനെ നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ ബന്ധപ്പെടാം. ഞങ്ങളുടെ വിദഗ്ദ്ധ ഓർത്തോപീഡിസ്റ്റ് ആവശ്യമായ നിരീക്ഷണങ്ങൾ നടത്തുകയും ശരിയായ പരിശോധനകൾ നിർദ്ദേശിക്കുകയും ഒടുവിൽ പരിശോധനാ ഫലങ്ങൾ ഉപയോഗിച്ച് പ്രശ്നം ലഘൂകരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ചികിത്സാ പദ്ധതി നിർദേശിക്കുകയും ചെയ്യും!


0 comments

Comments

Couldn’t Load Comments
It looks like there was a technical problem. Try reconnecting or refreshing the page.
bottom of page