top of page

ഫൈബ്രോമയാൾജിയ: കാരണങ്ങൾ, ലക്ഷണങ്ങൾ , ചികിത്സ



എന്താണ് ഫൈബ്രോമയാൾജിയ?

ശരീരത്തിലുടനീളമുള്ള മൃദുവായ കോശങ്ങളിലും പേശികളിലും വേദനയുണ്ടാക്കുന്ന അവസ്ഥയെ ഫൈബ്രോമയാൾജിയ സൂചിപ്പിക്കുന്നു. ഇത് നിങ്ങളുടെ നെഞ്ച്, കഴുത്ത്, നിതംബം, തോളുകൾ, പുറം, ഇടുപ്പ്, കാലുകൾ, കൈകൾ എന്നിവയെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത (തുടരുന്നതും) അവസ്ഥയാണ്. വൈകുന്നേരവും രാവിലെയും വേദന വർദ്ധിക്കും. ഇടയ്ക്കിടെ, വേദന ദിവസം മുഴുവൻ നീണ്ടുനിൽക്കും. തണുത്ത കാലാവസ്ഥ, പ്രവർത്തനം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവയാൽ വേദന വഷളായേക്കാം. മധ്യവയസ്കരായ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നതെങ്കിലും 20 നും 50 നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് സാധാരണയായി കണ്ടുപിടിക്കുന്നത്.


എന്താണ് ഫൈബ്രോമയാൾജിയയ്ക്ക് കാരണമാകുന്നത്?


ഇതിന് പിന്നിലെ കാരണം കൃത്യമായി പറയാൻ കഴിയില്ലെങ്കിലും സമ്മർദ്ദം, ഉറക്കത്തിന്റെ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധമുണ്ടാകാമെന്ന് ഗവേഷകർ പറയുന്നു. ഇത് ബയോകെമിക്കൽ, എൻഡോക്രൈൻ അല്ലെങ്കിൽ രോഗപ്രതിരോധ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം.


ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?


ഓരോ വ്യക്തിയുടെയും ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. എന്നാൽ വിട്ടുമാറാത്ത വേദനയാണ് ഏറ്റവും സാധാരണയായി കാണപ്പെടുന്ന ലക്ഷണം. വേദന സാധാരണയായി പേശികളെയും പേശികൾ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന ടെൻഡോണുകൾ അഥവാ ചലനഞരമ്പുകൾ, ലിഗ്മെന്റുകൾ എന്നിവയെ ബാധിക്കുന്നു.

നിങ്ങളുടെ തോള്, കഴുത്ത് അല്ലെങ്കിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ വേദന ബാധിച്ചേക്കാം. വേദന നേരിയതായി തുടങ്ങി പിന്നീട് തീവ്രമായേക്കാം. കാലക്രമേണ വേദന തീവ്രമാകുന്നു. ഫൈബ്രോമയാൾജിയയിൽ നിന്നുള്ള അസ്വാസ്ഥ്യം മൂലം കാഠിന്യം, പുകച്ചിൽ, വേദന എന്നിവ പോലെ അനുഭവപ്പെടാം, സാധാരണയായി നിങ്ങളുടെ പേശികളുടെ പ്രത്യേക ഭാഗങ്ങളിൽ ചില പാടുകൾ രൂപപ്പെട്ടേക്കാം. വേദന ആർത്രൈറ്റിസ് പോലെ തോന്നാം. എന്നാൽ ഇത് നിങ്ങളുടെ എല്ലുകളെയോ പേശികളെയോ നശിപ്പിക്കില്ല.


ഫൈബ്രോമയാൾജിയയുടെ സാധാരണയായി കാണപ്പെടുന്ന മറ്റ് ചില ലക്ഷണങ്ങൾ:

  • തലവേദന

  • ഇടത്തരം മുതൽ കഠിനമായ ക്ഷീണം

  • വിഷാദം

  • കൂടുതൽ നേരം വ്യായാമം ചെയ്യാൻ കഴിയാതെ വരിക

  • രാത്രിയിലെ ഉറക്കത്തിന്റെ പ്രശ്നങ്ങൾ

  • ഉത്കണ്ഠ

  • വേദനാജനകമായ ആർത്തവം

  • വയറുവേദന, മലബന്ധം, വയറിളക്കം

  • വ്യക്തമായി ചിന്തിക്കാൻ ഉള്ള ബുദ്ധിമുട്ട്

  • അസ്വസ്ഥമായ കാലുകൾ

ഈ ലക്ഷണങ്ങൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലവും അനുഭവപ്പെടാം. അതിനാൽ രോഗനിർണയത്തിനായി നിങ്ങളുടെ ഓർത്തോപീഡിസ്റ്റിനെയോ ഡോക്ടറെയോ കാണുന്നത് ആവശ്യമാണ്.


എങ്ങനെയാണ് ഫൈബ്രോമയാൾജിയ രോഗനിർണയം നടത്തുന്നത്?

ഫൈബ്രോമയാൾജിയയുടെ രോഗനിർണയം സ്ഥിരീകരിക്കുന്ന പരിശോധനകളൊന്നും നിലവിൽ ലഭ്യമല്ല. എന്നിരുന്നാലും, ശാരീരിക പരിശോധന, നിങ്ങളുടെ ലക്ഷണങ്ങൾ, മറ്റ് വ്യവസ്ഥകൾ എന്നിവയെ അടിസ്ഥാനമാക്കി രോഗനിർണയം നടത്തുന്നു.


എങ്ങനെയാണ് ഫൈബ്രോമയാൾജിയ ചികിത്സിക്കുന്നത്?


ചികിത്സ സാധാരണയായി നിങ്ങളുടെ പൊതു ആരോഗ്യം, പ്രായം, ലക്ഷണങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ അവസ്ഥ എത്രത്തോളം ഗുരുതരമാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

ഫൈബ്രോമയാൾജിയയ്ക്ക് പ്രത്യേകമായ ചികിത്സയില്ല, എന്നാൽ രോഗലക്ഷണങ്ങൾ നിയന്ദ്രിക്കാൻ കഴിയും. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയോ സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയോ സ്ഥിതി മെച്ചപ്പെടുത്താൻ കഴിയും. കൂടുതൽ ഗുരുതരമായ അവസ്ഥകൾ ആണെകിൽ പരിചയസമ്പന്നനായ ഓർത്തോപീഡിസ്റ്റിന്റെ സഹായം ആവശ്യമായി വന്നേക്കാം. ഇതിൽ നിങ്ങളുടെ പ്രാഥമിക ഓർത്തോപീഡിസ്റ്റ്, റൂമറ്റോളജിസ്റ്റ് എന്ന് വിളിക്കുന്ന ഒരു സ്പെഷ്യലിസ്റ്റ്, ഒരു പെയിൻ മാനേജ്മെന്റ് ക്ലിനിക്, ഒരു ഫിസിക്കൽ തെറാപ്പിസ്റ്റ് എന്നിവ ഉൾപ്പെടുന്നു. ചികിത്സയിൽ ഇവ ഉൾപ്പെട്ടേക്കാം:

  • നിങ്ങൾക്ക് ഉറങ്ങാനും വേദന കുറയ്ക്കാനും സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ

  • വേദന സംഹാരികൾ

  • ഫൈബ്രോമയാൾജിയയുടെ ചികിത്സയ്ക്കായി ഡുലോക്സെറ്റിൻ, മിൽനാസിപ്രാൻ, പ്രെഗബാലിൻ തുടങ്ങിയ മരുന്നുകൾ അംഗീകരിച്ചിട്ടുണ്ട്.

  • ആന്റീഡിപ്രസന്റുകൾ (വിഷാദരോഗം ലഘൂകരിക്കാനുള്ള മരുന്നുകൾ)

  • ഹൃദയ സംബന്ധമായ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിനും പേശികളെ വലിച്ചുനീട്ടുന്നതിനും സഹായിക്കുന്ന കുറഞ്ഞ ഇംപാക്ട് വ്യായാമങ്ങളും ഫിസിക്കൽ തെറാപ്പിയും

  • കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി അല്ലെങ്കിൽ റിലാക്സേഷൻ രീതികൾ

  • തണുപ്പ് അല്ലെങ്കിൽ ചൂട് ഉപയോഗിച്ചുള്ള ചികിത്സകൾ

  • കൈറോപ്രാക്റ്റിക്, അക്യുപങ്ചർ അല്ലെങ്കിൽ മസാജ് തെറാപ്പി പോലുള്ള ഇതര ചികിത്സകൾ

എല്ലാ മരുന്നുകളുടെയും പ്രയോജനങ്ങൾ, അപകടസാധ്യതകൾ, സാധ്യമായ പാർശ്വഫലങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളുടെ ഓർത്തോപീഡിസ്റ്റുമായി സംസാരിക്കുക.


ഫൈബ്രോമയാൾജിയയുമായി എങ്ങനെ പൊരുത്തപ്പെട്ട് ജീവിക്കാം


ഫൈബ്രോമയാൾജിയ ഒരു വിട്ടുമാറാത്ത അവസ്ഥയാണെങ്കിലും, നിങ്ങളുടെ ഓർത്തോപീഡിസ്റ്റുകളുമായി ചേർന്ന് ഇത് കൈകാര്യം ചെയ്യാവുന്നതാണ്. കൂടാതെ, മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും രോഗലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. ആവശ്യത്തിന് വ്യായാമവും ഉറക്കവും ഇതിൽ ഉൾപ്പെടുന്നു.


എപ്പോഴാണ് ഒരു ഓർത്തോപീഡിസ്റ്റിനെയോ ഡോക്ടറെയോ കാണേണ്ടത് ?


നിങ്ങളുടെ രോഗലക്ഷണങ്ങൾ വഷളാകുകയോ അല്ലെങ്കിൽ നിങ്ങൾ പുതിയ ലക്ഷണങ്ങൾ വികസിപ്പിക്കാൻ തുടങ്ങുകയോ ചെയ്താൽ, നിങ്ങളുടെ ഓർത്തോപീഡിസ്റ്റിനെ കാണാൻ വൈകരുത് .


ഫൈബ്രോമയാൾജിയയെക്കുറിച്ചുള്ള പ്രധാന വസ്തുതകൾ

  • ശരീരത്തിലുടനീളമുള്ള മൃദുവായ കോശങ്ങളിലും പേശികളിലും വേദനയുണ്ടാക്കുന്ന വിട്ടുമാറാത്ത ഒരു അവസ്ഥയെ ഫൈബ്രോമയാൾജിയ സൂചിപ്പിക്കുന്നു

  • ഇത് സമ്മർദ്ദം, ഉറക്ക പ്രശ്നങ്ങൾ, അല്ലെങ്കിൽ എൻഡോക്രൈൻ, രോഗപ്രതിരോധം അല്ലെങ്കിൽ ബയോകെമിക്കൽ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഗവേഷകർ കരുതുന്നു.

  • വിഷാദം, ക്ഷീണം, തലവേദന, ഉറക്ക പ്രശ്നങ്ങൾ, മറ്റ് പ്രശ്നങ്ങൾ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടാം.

  • നിലവിൽ ചികിത്സയില്ലെങ്കിലും, രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനാകും.

  • ചികിത്സകളിൽ വിശ്രമം, മരുന്ന്, വ്യായാമം, മസാജ്, ചൂട് അല്ലെങ്കിൽ തണുത്ത കംപ്രസ് എന്നിവ ഉൾപ്പെടാം.

നിങ്ങളുടെ കൈ, കാലിന്റെ പിൻതുടയിലെ ഞരമ്പിന്റെ വേദന, കണങ്കാൽ, കൈമുട്ട്, കാൽമുട്ട്, കഴുത്ത്, തോളെല്ല്, ഇടുപ്പ് അല്ലെങ്കിൽ പുറം എന്നിങ്ങനെയുള്ള ഒന്നോ അതിലധികമോ ശരീരഭാഗങ്ങളിലെ വേദന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കൺസൾട്ടേഷനോ രോഗനിർണയത്തിനോ വേണ്ടി നിങ്ങൾ ബാംഗ്ലൂരിൽ ഒരു ഓർത്തോപീഡിസ്റ്റിനെ തിരയുകയാണെങ്കിൽ, നിങ്ങൾ 1 ഹെൽത്ത് മെഡിക്കൽ സെന്ററുമായി ബന്ധപ്പെടാം. ഞങ്ങളുടെ പരിചയസമ്പന്നനായ ഓർത്തോപീഡിസ്റ്റ് ആവശ്യമായ എല്ലാ നിരീക്ഷണങ്ങളും നടത്തുകയും ശരിയായ പരിശോധനകൾ നിർദ്ദേശിക്കുകയും പിന്നീട് പരിശോധനാ ഫലങ്ങൾ ഉപയോഗിച്ച് പ്രശ്നം ലഘൂകരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ചികിത്സാ പദ്ധതി നിർദ്ദേശിക്കുകയും ചെയ്യും.

0 comments

Comments


bottom of page