top of page

ഈ 8 കാരണങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ ശിശുരോഗവിദഗ്ദ്ധനിലേക്ക് എത്തിക്കുന്നു

Updated: Mar 27, 2021

കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ഒരു ശിശുരോഗവിദഗ്ദ്ധൻ പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ കുട്ടികൾക്ക് എന്തെങ്കിലും അസുഖം പിടിപെട്ടാൽ ഒരു സാധാരണ ഡോക്ടറേക്കാൾ എന്തുകൊണ്ടും നല്ലത് ഒരു ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുന്നതാണ്. കാരണം ശിശുരോഗവിദഗ്ധർ ഈ മേഖലയിൽ പ്രത്യേകം പ്രവൃത്തിപരിചയം ഉള്ളവരും പ്രാവീണ്യം നേടിയവരുമാണ്. അതിനാൽ കുട്ടികളുടെ രോഗനിർണയത്തിനും ചികിത്സക്കും ശിശുരോഗവിദഗ്ദ്ധന്റെ സേവനം അനിവാര്യമാണ്.


പല കാരണങ്ങൾ കൊണ്ടും നമ്മൾ ഒരു ശിശുരോഗവിദഗ്ദ്ധനെ സമീപിക്കാറുണ്ടെങ്കിലും അവയിൽ പ്രധാനപ്പെട്ടതും സർവ്വസാധാരണവുമായ 8 കാരണങ്ങൾ താഴെ ചേർക്കുന്നു.


1 . നവജാത ശിശുവിന്റെ ആരോഗ്യ പരിശോധന


ശിശുവിന്റെ ജനനശേഷം ആദ്യത്തെ ആഴ്ചക്കുള്ളിൽ ഇത്തരം ആരോഗ്യപരിശോധന നടത്തേണ്ടതാണ്. ശിശുരോഗവിദഗ്ദ്ധൻ കുഞ്ഞിന്റെ പൂർണ ആരോഗ്യം വിലയിരുത്തുന്നു. ഏകദേശം അരമണിക്കൂറോളം നീളുന്ന പരിശോധനകൾക്ക് ശേഷം ആവശ്യമെങ്കിൽ വേണ്ട ചികിത്സാരീതികൾ നിർദ്ദേശിക്കുന്നു. ഓരോ കുട്ടികളുടെയും ആരോഗ്യനില അനുസരിച്ച് ചികിത്സാരീതികളും വ്യത്യാസപ്പെട്ടിരിക്കുന്നു.


2 . വർഷംതോറുമുള്ള ശാരീരികക്ഷമത പരിശോധന


പ്രായത്തിന് അനുസൃതമായ വളർച്ച, ശരീരഭാരം എന്നിവ വിലയിരുത്തുന്നതിന് ഒരു ശിശുരോഗവിദഗ്ദ്ധൻ ഇത്തരം പരിശോധനകൾ നടത്തുന്നു. ഇത് കുട്ടികളുടെ ശരിയായ വളർച്ചക്ക് ആവശ്യമാണ്.


3 . രോഗപ്രതിരോധ കുത്തിവയ്‌പ്പുകൾ


ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കുട്ടികളുടെ രോഗപ്രതിരോധ കുത്തിവയ്പ്പുകൾക്കായി ഒരു പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം, വളർച്ച എന്നിവയ്ക്ക് ഇത്തരം കുത്തിവയ്‌പ്പുകൾ അനിവാര്യമാണ്. കുട്ടികളുടെ ജനനസമയത്ത് ആരംഭിക്കുന്ന ഇത്തരം രോഗപ്രതിരോധ കുത്തിവയ്‌പ്പുകൾ 18 വയസ്സിനുള്ളിൽ പൂർത്തിയാവുന്നു.


4 . ചെവിയിലെ അണുബാധ


മുതിർന്നവരേക്കാൾ കുട്ടികൾക്ക് ചെവിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കുട്ടികളുടെ ചെവിയിൽ അണുബാധ ഉണ്ടായാൽ ഒരു ശിശുരോഗവിദഗ്ദ്ധനെ കാണാൻ മടിക്കരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണ്ട ചികിത്സകൾ ചെയ്യേണ്ടതാണ്.


5 . ജലദോഷം


കുട്ടികളിലെ ജലദോഷം ചികിൽസിക്കുന്നതിനായി പല മാതാപിതാക്കളും ശിശുരോഗവിദഗ്ദ്ധനെ ആശ്രയിക്കുന്നു. കാരണം ജലദോഷം പലരോഗങ്ങളുടെയും പാർശ്വഫലങ്ങൾ ആയതിനാൽ ചിലപ്പോൾ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് മാറാനുള്ള സാധ്യതയുണ്ട്.


6 . തൊണ്ടവേദന


ബാക്റ്റീരിയ മൂലമുള്ള അണുബാധയുടെ ലക്ഷണമായി തൊണ്ടവേദന വരാം. ആന്റിബയോട്ടിക്കുകളുടെ സഹായത്തോടെ ഇത്തരം തൊണ്ടവേദന സുഖപ്പെടുത്താൻ കഴിയും.


7 . പെരുമാറ്റ വൈകല്യങ്ങൾ


കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിന് ഒരു ശിശുരോഗവിദഗ്ദ്ധൻ സഹായിക്കുന്നു. കുട്ടികളുടെ പെരുമാറ്റത്തിലെ ഇത്തരം വൈകല്യങ്ങളിൽ അസാധാരണമായി എന്തെങ്കിലുമുണ്ടോയെന്ന് ശിശുരോഗവിദഗ്ദ്ധൻ വിലയിരുത്തുന്നു.


8 . പോഷകാഹാരക്കുറവ്


കുട്ടികൾ പലപ്പോഴും അവരുടെ ഇഷ്ടഭക്ഷണം മാത്രം കഴിക്കാൻ താല്പര്യപ്പെടുന്നു. എന്നാൽ ഇത്തരം ആഹാരരീതികൾ വഴി അവർക്ക് ആവശ്യത്തിന് ഉള്ള പോഷകാഹാരം ശരീരത്തിൽ എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് കഴിയാതെ വരുന്നു. പോഷക സമൃദ്ധമായ സമീകൃതാഹാരം കുട്ടികൾക്ക് കൊടുക്കാൻ ഒരു ശിശുരോഗ വിദഗ്ദ്ധന്റെ നിർദ്ദേശങ്ങൾ വഴി മാതാപിതാക്കൾക്ക് കഴിയുന്നു. ഇത് കുട്ടികളുടെ വളർച്ചക്ക് സഹായകമാവുന്നു.

0 comments
bottom of page