നടുവേദന ഇന്ന് സർവസാധാരണമായി കാണുന്ന ഒന്നായി മാറിയിരിക്കുന്നു. പലപ്പോഴും നടുവേദന നമ്മുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നു. ഇതിനു ചികിത്സ ആവശ്യമാണ്.
പരുക്കുകൾ, ഭാരപ്പെട്ട ജോലികൾ, ചില രോഗലക്ഷണങ്ങൾ എന്നിവ മൂലം നടുവേദന ഉണ്ടാകാം. പ്രായഭേദമന്യേ ആർക്കും പിടിപെടാവുന്ന ഒന്നാണ് നടുവേദന. അതിന്റെ കാരണങ്ങൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുമെന്ന് മാത്രം. പ്രായമേറിയവരിൽ നടുവേദന ഉണ്ടാവാൻ അവരുടെ ജോലിരീതികളോ നട്ടെല്ലിന്റെ കശേരുക്കളിലെ അസുഖങ്ങളോ കാരണമായേക്കാം.
കശേരുക്കൾക്കിടയിലെ ഡിസ്‌ക്കുകൾ, നട്ടെല്ലിനും ഡിസ്കുകൾക്കും ചുറ്റുമുള്ള അസ്ഥിബന്ധങ്ങൾ, സുഷ്മ്നനാഡി, ഞരമ്പുകൾ, നട്ടെല്ലിലെ പേശികൾ, ആന്തരിക അവയവങ്ങൾ എന്നിവയിൽ ഉണ്ടാകുന്ന രോഗങ്ങൾ മൂലവും നടുവേദന താഴെ ഭാഗത്തായി അനുഭവപ്പെടാം.
ഹൃദയരക്തധമനികളിലെ രോഗങ്ങൾ, നെഞ്ചിലുണ്ടാകുന്ന മുഴകൾ, നട്ടെല്ല് വീക്കം എന്നിവ മൂലം നടുവേദന മുകൾഭാഗത്തായി ഉണ്ടാവാം.
കാരണങ്ങൾ
പേശികൾ, അസ്ഥിബന്ധങ്ങൾ, ചലനഞരമ്പുകൾ, കശേരുക്കൾ എന്നിവയുടെ സംയോജന പ്രവർത്തനഫലമായി നട്ടെല്ല് ശരീരത്തെ താങ്ങി നിർത്തുകയും ശരീരത്തിന്റെ ചലനത്തെ സഹായിക്കുകയും ചെയ്യുന്നു.
നട്ടെല്ലിന്റെ ഓരോ ഭാഗത്തെയും ഒരു ആവരണം പോലെ സംരക്ഷിക്കുന്നത് ഡിസ്‌ക്കുകളാണ്.
മുകളിൽ പറഞ്ഞവയിൽ ഏതിനുണ്ടാകുന്ന രോഗങ്ങളും നടുവേദന ഉണ്ടാക്കാൻ കാരണമായേക്കാം. കൂടാതെ അവ്യക്തമായ കാരണങ്ങൾ മൂലവും നടുവേദന അനുഭവപ്പെടാം.
ശരിയായ രീതിയിൽ അല്ലാതെ ഇരിക്കുന്നതും കിടക്കുന്നതും നടുവിന് ആഘാതം സൃഷ്ടിക്കാം.
മാനസിക പിരിമുറുക്കം, ആധി, ശാരീരിക പരിക്കുകൾ എന്നിവയും നടുവേദനയ്ക്ക് കാരണമായേക്കാം.
നടുവേദനയുടെ ചില സാധാരണ കാരണങ്ങൾ ചുവടെ ചേർക്കുന്നു:
സമ്മർദ്ദമുള്ള പേശികൾ അല്ലെങ്കിൽ അസ്ഥിബന്ധങ്ങൾ
പേശികളിലെ രോഗാവസ്ഥ
പേശിപിരിമുറുക്കം
ഡിസ്കുകളിൽ ഉണ്ടായ കേടുപാടുകൾ
പരിക്കുകൾ, ഒടിവുകൾ, വീഴ്ചകൾ
രോഗാവസ്ഥയിലേക്ക് നയിക്കുന്ന ചില ജീവിത ശൈലികൾ :
അനുചിതമായ ഭാരം ഉയർത്തൽ
ഭാരക്കൂടുതൽ ഉള്ള വസ്തുക്കൾ ചുമക്കുന്നത്
പെട്ടെന്നുള്ളതും ആകസ്മികവുമായ ചലനങ്ങൾ
നട്ടെല്ലിന്റെ ഘടനാപരമായ പ്രശ്നങ്ങൾ കൊണ്ടും നടുവേദന അനുഭവപ്പെടാം.
ഡിസ്കുകളിലെ പൊട്ടൽ അഥവാ വിള്ളലുകൾ : നട്ടെലിലെ ഓരോ കശേരുക്കളും ഡിസ്കുകൾ കൊണ്ട് ആവരണം ചെയ്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഡിസ്കുകളിൽ ഉണ്ടാകുന്ന വിള്ളലുകൾ, അതിനോട് ചേർന്ന് ഇരിക്കുന്ന ഞരമ്പുകളിൽ സമ്മർദം ചെലുത്തുകയും ഇത് നടുവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ഡിസ്കുകളിലെ വീക്കം : ഡിസ്കുകളിലെ വിള്ളലുകൾ ഉണ്ടാക്കുന്നത് പോലെ തന്നെ ഇതും ഞരമ്പുകളിൽ കൂടുതൽ സമ്മർദം ചെലുത്തുകയും നടുവേദന ഉണ്ടാവുകയും ചെയ്യുന്നു.
നടുവിനും ഇടുപ്പിനും ഉണ്ടാകുന്ന വേദന : തീവ്രതയേറിയതും തുളഞ്ഞു കയറുന്നതുപോലെയുമുള്ള വേദന നിതംബത്തിൽ നിന്നും കാലിന്റെ പുറകിലേക്ക് പോകുന്ന അവസ്ഥ. ഡിസ്കുകളിലെ വീക്കം ഞരമ്പുകളിൽ ഉണ്ടാക്കുന്ന ഞെരുക്കം മൂലം ആണ് ഇത് സംഭവിക്കുന്നത്.
സന്ധിവാതം : കാൽമുട്ടുകളിൽ ഉണ്ടാവുന്ന തേയ്മാനം ഇടുപ്പെല്ല്, നട്ടെല്ലിന്റെ താഴ്ഭാഗം എന്നിവയിൽ വേദന ഉളവാക്കാൻ കാരണമായേക്കാം. ചിലപ്പോൾ ഇത് നട്ടെല്ലിന് ചുറ്റും വേദന ഉളവാക്കാം.
നട്ടെല്ലിന്റെ അസാധാരണ വളവ് : നട്ടെല്ലിന് വശങ്ങളിലേക്ക് ഉണ്ടകുന്ന വളവു മൂലം നടുവേദന അനുഭവപ്പെടാം.
അസ്ഥിക്ഷതം : നട്ടെല്ലിലെ കശേരുക്കളുടെ ബലം കുറയുന്നത് മൂലം കശേരുക്കൾ ചുരുങ്ങുന്നതും ഇത് വേദന ഉളവാക്കുകയും ചെയ്യുന്നു.
വൃക്ക രോഗങ്ങൾ : വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ മൂലമോ അണുബാധമൂലമോ നടുവേദന ഉണ്ടാകാം.
തുടർച്ചയായ ഇരിപ്പ് /നടപ്പ് / കിടക്കുന്ന രീതികൾ മൂലം : ഉദാഹരണത്തിന് ദിവസം മുഴുവൻ കംപ്യൂട്ടറിന് മുമ്പിൽ ഇരുന്ന് ജോലി ചെയ്യുന്നവരിൽ നടുവേദന, തോൾവേദന, കഴുത്തുവേദന എന്നിവ കാലക്രമേണ ഉണ്ടാകുന്നു.
ചില ദൈനംദിന പ്രവൃത്തികളും നടുവേദനയ്ക്ക് കാരണമാകുന്നു. അവയിൽ ചിലത് താഴെ ചേർക്കുന്നു:
ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ചുമ / തുമ്മൽ
പേശിപിരിമുറുക്കം
ദീർഘനേരം കുനിഞ്ഞുകൊണ്ടുള്ള ജോലികൾ
ദീർഘനേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്ന ജോലികൾ
അമിതഭാരം ഉയർത്തുകയോ, വലിക്കുകയോ, തള്ളുകയോ ചെയ്യുക
ഇടവേളകൾ ഇല്ലാതെ ദീർഘനേരം വാഹനം ഓടിക്കുക
നട്ടെല്ല് വളയുന്ന രീതിയിലുള്ള കിടപ്പ്
മുകളിൽ പറഞ്ഞവ കൂടാതെ മറ്റ് രോഗാവസ്ഥകൾ മൂലവും നടുവേദന അനുഭവപ്പെടാം.
കോഡ ഇക്വിന സിൻഡ്രോം : നട്ടെലിന്റെ താഴ്ഭാഗത്തുള്ള സുഷ്മ്നാനാഡി 'കോഡ ഇക്വിന' എന്ന പേരിൽ അറിയപ്പെടുന്നു. കോഡ ഇക്വിന സിൻഡ്രോം ഉള്ളവരിൽ നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്തുനിന്നും തുടങ്ങി നിതംബത്തിലേക്ക് വ്യാപിക്കുന്ന തരത്തിലും വേദന അനുഭവപ്പെടുന്നു. കൂടാതെ ചിലരിൽ ഇത് നിതംബത്തില് മരവിപ്പ്, ജനനേന്ദ്രിയത്തിൽ അനുഭവപ്പെടുന്ന വേദന, തുടകളിലേക്ക് വ്യാപിക്കുന്ന വേദന എന്നിവയുണ്ടാക്കുന്നു. ചിലപ്പോൾ ഇത് മലവിസർജനം, മൂത്രസഞ്ചി എന്നിവയുടെ പ്രവർത്തനങ്ങളെയും ബാധിക്കാറുണ്ട്.
നട്ടെലിലെ കാൻസർ : നട്ടെല്ലിൽ ഉണ്ടാകുന്ന കാൻസർ മൂലവും നടുവേദന വരാം.
നട്ടെല്ലിലെ അണുബാധ : ചില തരം പനികൾ നട്ടെല്ലിന് അണുബാധ ഉണ്ടാക്കാം.
മറ്റ് അണുബാധകൾ : ഗർഭാശയ വീക്കം, മൂത്രാശയ രോഗങ്ങൾ, വൃക്ക രോഗങ്ങൾ എന്നിവയും നടുവേദന ഉണ്ടാക്കാം.
ഉറക്കത്തകരാറുകൾ : മറ്റുള്ളവരെ അപേക്ഷിച്ച് ഉറക്കക്കുറവ് ഉള്ളവരിൽ നടുവേദന കൂടുതലായി കാണാൻ കഴിയും.
ഞരമ്പുകളിൽ ഉണ്ടാകുന്ന അണുബാധയും നടുവേദനയ്ക്ക് കാരണമായേക്കാം. ഓരോ വിഭാഗത്തിൽ പെട്ട ഞരമ്പുകൾക്ക് അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു.
നടുവേദന ഉണ്ടാക്കുന്ന ചില പൊതുകാരണങ്ങൾ ചുവടെ ചേർക്കുന്നു:
തൊഴിൽ രീതികൾ / പ്രവർത്തനങ്ങൾ
ഗർഭാവസ്ഥ
വ്യായാമമില്ലാത്ത ജീവിതം
മോശം ശാരീരിക ക്ഷമത
പ്രായാധിക്യം
അമിതവണ്ണം
പുകവലി
കഠിനമായ ശാരീരിക വ്യായാമം അല്ലെങ്കിൽ ജോലി
ജനിതക ഘടകങ്ങൾ
കാൻസർ അല്ലെങ്കിൽ സന്ധിവാതം പോലുള്ള രോഗങ്ങൾ
ഇന്നത്തെ കാലഘട്ടത്തിൽ താഴെഭാഗത്തുള്ള നടുവേദന പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്നു. ഹോർമോണുകളുടെ വ്യതിയാനം, പിരിമുറുക്കം, ആധി എന്നിവ ചില കാരണങ്ങൾ ആണ്.
ലക്ഷണങ്ങൾ
നടുവേദനയുടെ പ്രധാന ലക്ഷണം പുറകിൽ നടുഭാഗത്ത് ഉണ്ടാകുന്ന വേദനയാണ്. ചിലപ്പോൾ ഈ വേദന കാലുകളിലേക്കും നിതംബത്തിലേക്കും വ്യാപിക്കുന്നു. വേദന ബാധിക്കുന്ന ഞരമ്പുകൾക്ക് അനുസൃതമായി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വേദന പടർന്ന് പിടിക്കാം. സാധാരണയായി ഇത്തരം ചെറിയ വേദനകൾ ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നതാണ് . എന്നാൽ താഴെ പറയുന്ന ലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറുടെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്:
ഭാരനഷ്ട്ടം
പനി
പുറകുവശത്ത് ഉണ്ടാകുന്ന വീക്കം / നീര്
ദീർഘകാലം നീണ്ടുനിൽക്കുന്ന നടുവേദന
നടുവിൽ നിന്നും കാലുകളിലേക്ക് വ്യാപിക്കുന്ന വേദന
കാല്മുട്ടുകൾക്ക് താഴെ വരെ വ്യാപിക്കുന്ന വേദന
നട്ടെല്ലിനേറ്റ പരിക്കുകൾ
അനിയന്ത്രിതമായ മൂത്രശങ്ക
മൂത്രതടസ്സം
അനിയന്ത്രിതമായ മലവിസർജനം
ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള മരവിപ്പ്
മലദ്വാരത്തിനു ചുറ്റുമുള്ള മരവിപ്പ് / വേദന
നിതംബത്തിന് ചുറ്റുമുള്ള മരവിപ്പ്
വിശ്രമം എടുത്തിട്ടും മാറാത്ത തരത്തിൽ ഉള്ള നടുവേദന
വീഴ്ച മൂലം ഉണ്ടായ പരിക്ക് / മുറിവുകൾ
കാലുകൾക്ക് ഉണ്ടാകുന്ന മരവിപ്പ്
തളർച്ച
രോഗനിർണയം
രോഗലക്ഷങ്ങളിലൂടെയും ശാരീരിക പരിശോധനകളിലൂടെയും ഡോക്ടർ രോഗനിർണയം നടത്തുന്നു. അവശ്യ ഘട്ടങ്ങളിൽ സ്കാനിംഗ് മുതലായ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നു. അപകടങ്ങൾ മൂലം ഉണ്ടാകുന്ന മുറിവുകൾ, ദീർഘകാലമായി നീണ്ടുനിൽക്കുന്ന വേദനകൾ എന്നിവ ഉള്ളപ്പോഴും രോഗികളെ സ്കാന്നിംഗ്‌നു വിധേയരാകുന്നു.
X-ray , MRI , CT മുതലായ സംവിധാനങ്ങൾ രോഗനിർണയത്തിന് ഉപയോഗിക്കുന്നു.
എല്ലുകളിലെ പൊട്ടൽ, സന്ധിവാതം എന്നിവ അറിയുന്നതിന് X -ray ഉപയോഗിക്കുന്നു. എന്നാൽ പേശികൾ, നട്ടെല്ല്, ഡിസ്ക് എന്നിവയിലെ തകരാറുകൾ തിരിച്ചറിയാൻ X -ray കൊണ്ട് സാധിക്കില്ല.
MRI അല്ലെങ്കിൽ CT സ്കാൻ വഴി ഉന്തി നിൽക്കുന്ന ഡിസ്ക് , കോശഘടനകള്‍, ചലനഞരമ്പുകൾ , അസ്ഥിബന്ധങ്ങൾ, രക്തക്കുഴലുകൾ, പേശികൾ, എല്ലുകൾ എന്നിവയിൽ ഉണ്ടായ കുഴപ്പങ്ങൾ തിരിച്ചറിയാൻ കഴിയും.
അസ്ഥികളുടെ സ്കാന്നിംഗിലൂടെ കാൻസർ മൂലം ഉണ്ടാകുന്ന അസ്ഥിക്ഷയം തിരിച്ചറിയാൻ കഴിയുന്നു. ഒരു റേഡിയോആക്റ്റിവ് പദാർദ്ധം രക്തസിരകളിലൂടെ കടത്തി വിടുകയും അതിന്റെ അറ്റത് ഘടിപ്പിച്ചിരിക്കുന്ന ക്യാമറയുടെ സഹായത്തോടെ ഡോക്ടർക്ക് രോഗനിർണയം നടത്താനും കഴിയുന്നു. നിശ്ചിത അളവിലുള്ള വൈദ്യുത പ്രേരണകളെ സിരകളിലൂടെ കടത്തി വിടുകയും അതിനോടുള്ള പേശികളുടെ പ്രതികരണം അറിയുന്നതിനും എലെക്ട്രോമയോഗ്രഫി അഥവാ EMG സഹായിക്കുന്നു. ഇതിലൂടെ സുഷ്മ്നാനാഡിയിലോ ഡിസ്ക്ക്കളിലോ ഉണ്ടായ ക്ഷതങ്ങൾ അറിയാൻ കഴിയുന്നു.
രക്തത്തിൽ അണുബാധ ഉണ്ടോ എന്ന് തിരിച്ചറിയുന്നതിന് ഡോക്ടർ രക്തപരിശോധനയും നിർദേശിക്കാറുണ്ട്.
വിട്ടുമാറാത്ത വേദന നിങ്ങളെ അലട്ടുന്നുണ്ടോ?
നടുവേദനയെ രണ്ടു വിഭാഗങ്ങളായി തരം തിരിക്കാം. തീവ്ര വേദന വിഭാഗത്തിൽ പെട്ടതും ദീർഘകാലമായി നിലനിൽക്കുന്നതും .
തീവ്ര വേദന വിഭാഗത്തിൽ പെട്ടവ പെട്ടെന്ന് ഉണ്ടാകുന്നതും ആറ് ആഴ്ച വരെ നീണ്ട് നിൽക്കുന്നതുമാണ്. എന്നാൽ രണ്ടാമത്തെ വിഭാഗത്തിൽ പെട്ടവ തുടർച്ചയായി മൂന്ന് മാസമോ അതിലധികമോ കാലം നീണ്ടു നിൽക്കുന്നതും രോഗപീഡകൾ കൂടുതൽ ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയുന്നു.
മുകളിൽ പറഞ്ഞ രണ്ടു തരത്തിലുമുള്ള വേദന ഉള്ള രോഗിയാണെങ്കിൽ അവരെ ഏതു വിഭാഗക്കാരാണെന്ന് തരം തിരിക്കൽ പ്രയാസമേയിയ ഒന്നാണ്.
ചികിത്സ
സാധാരണ നടുവേദന ആണെകിൽ ആവശ്യത്തിനുള്ള വിശ്രമത്തിലൂടയും വീട്ടുചികിത്സയിലൂടെയും നമുക്ക് മാറ്റിയെടുക്കാൻ കഴിയും. എന്നാൽ ചില സന്ദർഭങ്ങളിൽ ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്.
വീട്ടുചികിത്സ / ഗാർഹികചികിത്സ:
വേദനാസംഹാരികളിലൂടെയും വേദനയുള്ള ഭാഗത്തു ചൂടുവെയ്ക്കുക, തണുത്ത ഐസ് വെയ്ക്കുന്നതിലൂടെയും വേദന മാറ്റാൻ കഴിയും.
കഠിനമായ ജോലികൾ ഒഴിവാക്കുന്നതിലൂടെ വേദന കുറയ്ക്കാൻ കഴിയും. എന്നിരുന്നാലും ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ പേശികളുടെ ബലക്കുറവ് പരിഹരിക്കാൻ കഴിയും.
വൈദ്യചികിത്സ:
ഗാർഹികചികിത്സയിലൂടെ വേദന കുറയുന്നില്ലെങ്കിൽ ഡോക്ടറുടെ ചികിത്സ തേടേണ്ടതാണ്. മരുന്നുകൾ, ഫിസിയോതെറാപ്പി മുതലായ ചികിത്സാരീതികൾ ഡോക്ടർ സ്വീകരിക്കുന്നു.
മരുന്നുകൾ : വേദന കുറയുന്നതിന് വേണ്ടി വേദനസംഹാരികൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ്. ചില സന്ദർഭങ്ങളിൽ പേശികളുടെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള മരുന്നുകളും ഡോക്ടർ നിർദേശിക്കാറുണ്ട് .
ഫിസിയോ തെറാപ്പി : ചൂട്, ഐസ്, അൾട്രാസൗണ്ട് , വൈദ്യുതഉത്തേജനം എന്നിവയിലൂടെ പേശികളുടെ പിരിമുറുക്കത്തിൽ അയവു വരുത്തുന്നതിനും വേദന കുറയുന്നതിനും ഈ ചികിത്സാരീതി സഹായിക്കുന്നു.
വേദനയുടെ തോത് കുറയുന്നതനുസരിച്ച് മെയ്വഴക്കം കൂടുന്നതിനും വയറിലെ പേശികളുടെ ബലം വർദ്ധിക്കുന്നതിനുമുള്ള വ്യായാമമുറകൾ ചെയ്യാവുന്നതാണ്. വേദന മാറിയതിനു ശേഷവും ഇത്തരം വ്യായാമമുറകളിലൂടെ നടുവേദന അകറ്റി നിർത്താൻ കഴിയും.
കോർട്ടിസോൺ കുത്തിവയ്പ്പുകൾ : മറ്റ് ചികിത്സാമാർഗങ്ങളിലൂടെ വേദന കുറയുന്നില്ലെങ്കിൽ കോർട്ടിസോൺ കുത്തിവയ്പ്പുകൾ ഡോക്ടർ നിർദ്ദേശിക്കുന്നു. സുഷ്മ്നാനാഡിയിലെ നാഡീ വേരുകളിൽ എടുക്കുന്ന ഇൻജെക്ഷൻ വഴി വേദന കുറയ്ക്കാൻ സാധിക്കുന്നു.
ബോട്ടോക്സ് : മുൻകാല പഠനങ്ങൾ അനുസരിച്ച ബോട്ടോക്സ് ഉളുക്കിയ രോഗാവസ്ഥയിലുള്ള പേശികളെ തളർത്തുകയും അത് വഴി വേദന കുറയ്ക്കുകയും ചെയ്യുന്നു. ഇത്തരം ഇഞ്ചക്ഷനുകൾ 3 അല്ലെങ്കിൽ 4 മാസം വരെ ഫലപ്രദമാണ്.
ട്രാക്ഷൻ : തൂക്കുകട്ടകളുടെ സഹായത്തോടെ ഡിസ്കുകളെ പൂവ്വസ്ഥിതിയിൽ ആക്കുകയും അങ്ങനെവേദന കുറയുന്നതിനും ഇത്തരം ചികിത്സകൾ സഹായിക്കുന്നു.
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി : ആധുനിക രീതിയിലുള്ള ഒരു ചികിത്സാരീതിയാണിത്. കൃത്യമായ വ്യായാമ മുറകളിലൂടെ നടുവേദന വരൻ ഉള്ള സാധ്യതകളെ കുറയ്ക്കാൻ കഴിയുന്നു.
ട്രാൻസ്ക്യുട്ടേനിയസ് ഇലക്ട്രിക്കൽ നെർവ്വ് സ്റ്റിമുലേഷൻ (TENS ) : TENS യന്ത്രത്തിന്റെ സഹായത്തോടെ ചെറിയ വൈദ്യുതകിരണങ്ങൾ ത്വക്കിലേക്ക് കടത്തിവിടുന്നു. ഇത് രോഗിയുടെ വേദന കുറയ്ക്കാൻ സഹായിക്കുന്നു. ദീർഘകാലമായി നിലനിൽക്കുന്ന നടുവേദന മാറുന്നതിനായി ഇ ചികിത്സാരീതി ഉപയോഗിക്കുന്നു.
ഈ ചികിത്സാരീതി ചിലരിൽ ഫലപ്രദമാണെകിലും മറ്റുചിലരിൽ ഇത് പ്രകടമായ വ്യത്യാസം കാണിക്കുന്നില്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇല്ലാതെ ഈ ചികിത്സാസംവിധാനം ഉപയോഗിക്കാൻ പാടില്ല. ഗർഭിണികൾ, അപസ്മാരരോഗികൾ, പേസ്‌മേക്കർ ഉപയോഗിക്കുന്നവർ, ഹൃദ്രോഗികൾ എന്നിവർ ഇത് ഉപയോഗിക്കാൻ പാടില്ല.
TENS ചികിത്സാരീതി സുരക്ഷിതവും, ചിലവുകുറഞ്ഞതും ശരീരത്തിന്റെ മറ്റു പ്രവർത്തനങ്ങളെ സാരമായി ബാധിക്കാത്തതുമാണ്. എന്നിരുന്നാലും ഇതിന്റെ കൂടുതൽ സാധ്യത പഠനങ്ങൾ ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നു.
ശസ്ത്രക്രിയ :
ഉന്തിയ ഡിസ്കുകൾ മൂലമോ നാഡികളുടെ ചുരുങ്ങൽ മൂലമോ നിരന്തരമായി നടുവേദന ഉണ്ടാകാം. ഇത്തരം അവശ്യഘട്ടങ്ങളിൽ ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിക്കാറുണ്ട്.
നടുവേദനയെ എങ്ങനെ പ്രതിരോധിക്കാം?
വ്യായാമം : നിത്യേനയുള്ള വ്യായാമം ശരീരഭാരം ക്രമാതീതമായി വർധിക്കാതിരിക്കുന്നതിനും ശാരീരിക ക്ഷമത കൂട്ടുന്നതിനും സഹായിക്കുന്നു. പ്രാണായാമങ്ങൾ പോലുള്ളവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും നട്ടെല്ലിന്റെ ആരോഗ്യത്തിനും ഉചിതമാണ്. ഏതു തരത്തിൽ ഉള്ള വ്യായാമങ്ങൾ ചെയ്യുന്നതിനും ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും.
പ്രധാനമായും രണ്ട് തരത്തിൽ വ്യായാമമുറകൾ തരംതിരിക്കാം.
ഉദരഭാഗങ്ങളും ശരീരത്തിന്റെ പിൻഭാഗത്തെ പേശികളും കേന്ദ്രികരിച്ചുള്ള വ്യായാമം: ഇത്തരം വ്യായാമത്തിലൂടെ നട്ടെല്ലിന്റെ പേശികൾ ബലവത്താകുകയും നടുവേദന അകറ്റിനിർത്താനും കഴിയുന്നു.
മേയ്യ്‌വഴക്കം ഉണ്ടാക്കുന്ന വ്യായാമം: ഈ വ്യായാമത്തിലൂടെ നട്ടെല്ല്, ഇടുപ്പ്, കാലിന്റെ മുകൾഭാഗം എന്നിവയെ ബലപ്പെടുത്താൻ കഴിയുന്നു.
ആഹാരക്രമം : എല്ലുകളുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്ന കാൽസ്യം, വിറ്റാമിന് ഡി എന്നിവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. സമീകൃത ആഹാരത്തിലൂടെ ശരീരഭാരം കൃത്യമായ രീതിയിൽ നിലനിർത്തേണ്ടതും അനിവാര്യമാണ്.
പുകവലി : ഒരേ പ്രായപരിധിയും ശരീരഭാരവും ഉള്ളവർ ആണെങ്കിലും പുകവലി ശീലം ഉള്ളവരിൽ നടുവേദന കൂടുതലായി കണ്ടുവരുന്നു.
ശരീരഭാരം : അമിത ശരീരഭാരം ഉള്ളവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് നടുവേദന കൂടുതലായി കണ്ടുവരുന്നു. കുടവയർ ഉള്ളവരിൽ നടുവേദന വരാൻ ഉള്ള സാധ്യത കൂടുതലാണ് .
നിൽക്കുന്ന രീതി : നിൽക്കുമ്പോൾ നിവർന്ന് നില്ക്കാൻ ശീലിക്കുക. തല മുമ്പോട്ട് അഭിമുഖീകരിച്ച് നട്ടെല്ല് നിവർന്ന് നിങ്ങളുടെ ശരീരഭാരം ഇരുകാലുകളും തുല്യമായി തുലനം ചെയ്യുക. കാലുകൾ നേരെയായും തല നട്ടെല്ലിന് അനുസൃതമായും നിൽക്കുക.
ഇരിക്കുന്ന രീതി : ശരീരത്തിന്റെ പുറകുവശത്തെ താങ്ങി നിർത്താൻ കഴിയുന്നതും കാൽമുട്ടുകൾ ,ഇടുപ്പെല്ല് എന്നിവയെ ഒരേ ദിശയിൽ നിർത്തുന്നതിനും കഴിയുന്നവണ്ണം ഇരിക്കാൻ ശ്രമിക്കുക.
കാൽപാദങ്ങൾ തറയിൽ ഉറപ്പിച്ചിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ ഇതിനായി പ്രത്യേകപ്രതലം ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ കമ്പ്യൂട്ടർ അല്ലെങ്കിൽ കീബോർഡ് ഉപയോഗിക്കുന്നവരാണെകിൽ നിങ്ങളുടെ കൈമുട്ടുകളും തൈത്തണ്ടയും ഒരേദിശയിൽ ആയിരിക്കാൻ ശ്രദ്ധിക്കുക.
ഭാരം ഉയർത്തൽ : ഭാരം ഉയർത്തുമ്പോൾ കാലുകൾക്ക് കൂടുതൽ ബലം കൊടുക്കാനും നടുവിന് ആയാസം കുറയ്ക്കാനും ശ്രദ്ധിക്കണം.
കുനിഞ്ഞുകൊണ്ടുള്ള ജോലികൾ നമ്മുടെ ജീവിതത്തിൽ നമുക്ക് ഒഴിവാക്കാനാവില്ല. എന്നാൽ നമ്മുടെ ശ്രദ്ധക്കുറവുകൊണ്ട് ആരോഗ്യപ്രശ്ങ്ങൾ ഉണ്ടാവരുത്. കുനിഞ്ഞുകൊണ്ടുള്ള ജോലികൾ ചെയ്യുമ്പോൾ വയറിലെ പേശികളിലേക്ക് കൂടുതൽ ബലം കൊടുക്കുക. നടുവിന് പകരം കാൽമുട്ടുകൾ വളച്ച് ഭാരം എടുക്കാൻ ശ്രദ്ധിക്കുക.
അമിതഭാരമുള്ള ജോലികൾ രണ്ടോ അതിലധികമോ ആളുകൾ ചേർന്ന് ചെയ്യുക. ഭാരം ഉയർത്തി നടക്കുമ്പോൾ എപ്പോഴും നേരെ നോക്കാൻ ശ്രദ്ധിക്കണം. മുകളിലേക്കോ താഴേക്കോ നോക്കി നടക്കരുത്. ഇത് നിങ്ങളുടെ നട്ടെല്ലിന് കൂടുതൽ ആയാസം കൊടുക്കുന്നു. നേരെ നോക്കി നടക്കുന്നതിലൂടെ കഴുത്തും നട്ടെല്ലും ഒരേ ദിശയിലാവുന്നു.
ചരക്കുനീക്കം : ചരക്കുനീക്കത്തിൽ ഏർപ്പെടുമ്പോൾ തള്ളുന്നതിനേക്കാൾ വലിക്കുന്നതാണ് ആരോഗ്യത്തിനു കൂടുതൽ അഭികാമ്യം. സാധനങ്ങൾ വലിച്ച് നീക്കുമ്പോൾ നടുവിനെക്കാൾ കാലുകൾക്ക് നമ്മൾ കൂടുതൽ ബലം കൊടുക്കുന്നു.
പാദരക്ഷകൾ : പരന്ന പ്രതലമുള്ള പാദരക്ഷകൾ നടുവിന് കൂടുതൽ സംരക്ഷണം നൽകുന്നു.
ഡ്രൈവിംഗ് : ഡ്രൈവിംഗ് ചെയ്യുമ്പോൾ ശരീരത്തിന്റെ പുറകുവശത്തിനു ആയാസം കൊടുക്കുന്ന രീതിയിൽ ഒരിക്കലും ഇരിക്കരുത്. ദീർഘദൂര യാത്രകളിൽ ഇടയ്ക്കിടെ ഇടവേളകൾ എടുക്കാനും വാഹനത്തിൽ നിന്നും ഇറങ്ങി അല്പദൂരം നടക്കാനും ശ്രദ്ധിക്കുക. ഒരേരീതിയിൽ ദീർഘനേരം ഇരിക്കുന്നതുകൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇതുവഴി കുറയ്ക്കാൻ സാധിക്കും.
കിടക്ക : നട്ടെല്ല് നിവർന്ന് കിടക്കാൻ കഴിയുന്നതും അതെ സമയം തോളുകൾ, നിതംബം എന്നിവയെ പിന്താങ്ങുന്ന രീതിയിൽ ഉള്ള കിടക്ക ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കിടക്കാൻ തലയിണ ഉപയോഗിക്കാം. എന്നാൽ കഴുത്തിന് ആയാസം കൊടുക്കുന്ന രീതിയിൽ ആവരുത്.
Commenti