top of page
1Health

ഇസ്കെമിക് ഹൃദ്രോഗം

Updated: Jun 28, 2021

എന്താണ് ഇസ്കെമിക് ഹൃദ്രോഗം?


ഹൃദയത്തിന്റെ ഒരു ഭാഗത്ത് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോൾ അസ്വസ്ഥത അല്ലെങ്കിൽ നെഞ്ചുവേദന ആവർത്തിച്ച് ഉണ്ടാകുന്നു. ഈ അവസ്ഥയെയാണ് ഇസ്കെമിക് ഹൃദ്രോഗം എന്ന് പറയുന്നത്. ഹൃദയത്തിന് കൂടുതൽ രക്തയോട്ടം ആവശ്യമുള്ളപ്പോഴാണ് ഈ അവസ്ഥ മിക്കപ്പോഴും സംഭവിക്കുന്നത്. കൊറോണറി ഹൃദ്രോഗം എന്ന മറ്റൊരുപേരിലും ഇത് അറിയപ്പെടുന്നു. ലോകത്ത് മരണകാരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ഹൃദ്രോഗം ഇന്ത്യയിൽ സാധാരണമായി കണ്ടുവരുന്നു.


ഹൃദയത്തിലേക്ക് രക്തം വഹിക്കുന്ന രക്തധമനികളിൽ കൊളെസ്ട്രോൾ അടിഞ്ഞുകൂടുകയും ക്രമേണ ഇത് കട്ടിയേറിയ ഒരു ആവരണം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് രക്തധമനികളെ ഇടുങ്ങിയതാക്കുകയും രക്തപ്രവാഹത്തിനു തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. രക്തയോട്ടം കുറയുന്നത് ഹൃദയപേശികളിലേക്ക് നൽകുന്ന ഓക്സിജന്റെ അളവ് കുറയ്ക്കുന്നു. അങ്ങനെ ഇസ്കെമിക് അഥവാ കൊറോണറി ഹൃദ്രോഗം ഉണ്ടാകുന്നു.


ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനനുസരിച്ച് കാലക്രമേണയോ പെട്ടെന്നോ ഇസ്കെമിക് ഹൃദ്രോഗലക്ഷണങ്ങൾ പ്രകടമായേക്കാം. എന്നാൽ ചിലരിൽ ഇത് യാതൊരു രോഗലക്ഷണങ്ങളും കാണിക്കില്ല. ചിലരിലാകട്ടെ കടുത്ത നെഞ്ചുവേദനയും ശ്വാസതടസ്സവും ഉണ്ടാക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.


ജീവിതശൈലിയിലെ മാറ്റങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയകൾ എന്നിവയിലൂടെ ഇസ്കെമിക് ഹൃദ്രോഗത്തെ വിജയകരമായി ചികിത്സിക്കാൻ കഴിയും. ഭക്ഷണത്തിൽ കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക തുടങ്ങിയവയിലൂടെ ഇസ്കെമിക് ഹൃദ്രോഗ സാധ്യത അകറ്റിനിർത്താൻ സാധിക്കും.


ചികിൽസിച്ചില്ലെങ്കിൽ ഇസ്കെമിക് ഹൃദ്രോഗം ഹൃദയാഘാതത്തിന് കാരണമാകുകയും ജീവഹാനി ഉണ്ടാവാനും സാധ്യതയുണ്ട്. ശ്വാസതടസം, ഇളം നീലനിറത്തിലുള്ള ചുണ്ടുകൾ, കഠിനമായ നെഞ്ചുവേദന, വേഗത്തിലുള്ള നെഞ്ചിടിപ്പ് (ടാക്കികാർഡിയ) തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തിര വൈദ്യസഹായം തേടേണ്ടതാണ്. ഒരിക്കൽ ഹൃദ്രോഗം ഉണ്ടായവരിൽ ഇത്തരത്തിൽ ഏതെങ്കിലും ചെറിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ തന്നെ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.


ഇസ്കെമിക് ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?


ഇസ്കെമിക് ഹൃദ്രോഗം മൂലം ഹൃദയരക്തധമനികളിലേക്ക് ഉള്ള രക്തയോട്ടം കുറയുകയും ഇത് ഓക്സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. രക്തയോട്ടം കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും.


ഇസ്കെമിക് ഹൃദ്രോഗത്തിന്റെ സാധാരണ ലക്ഷണങ്ങൾ


ദിവസേനയോ ഇടവിട്ട് ഇടവിട്ടോ ഇസ്കെമിക് ഹൃദ്രോഗ ലക്ഷണങ്ങൾ പ്രകടമായേക്കാം. നെഞ്ചുവേദന, നെഞ്ചുഭാഗത്ത് ഉണ്ടാവുന്ന അധികസമ്മർദം , ശ്വാസതടസം എന്നിവയാണ് സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങൾ.


1. നെഞ്ചുഭാഗത്തായി ഉണ്ടാകുന്ന വേദന ക്രമേണ കൈകൾ, പുറം, ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവയിലേക്ക് വ്യാപിക്കുന്നു. വിശ്രമം, മരുന്നുകൾ എന്നിവ കൊണ്ട് വേദനയിൽ കുറവ് വരുന്നു.

2. ഗ്യാസ്/വായുകോപം അല്ലെങ്കിൽ ദഹനക്കേട് പലപ്പോഴും അനുഭവപ്പെടുന്നു.(സ്ത്രീകളിൽ ഇത് കൂടുതൽ സാധാരണമാണ്).

3. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ആവർത്തിച്ച് വരുന്നു.

4. കൂടുതൽ ആയാസകരമായി ജോലികൾ ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാകുന്ന വേദന.

5. അഞ്ചു് മിനിറ്റ് അല്ലെങ്കിൽ അതിൽ താഴെ നീണ്ടു നിൽക്കുന്ന വേദന.


ചിലപ്പോൾ ഇസ്കെമിക് ഹൃദ്രോഗലക്ഷണങ്ങളുടെ മൂർദ്ധന്യാവസ്ഥ ജീവഹാനിക്ക് കാരണമായേക്കാം. താഴെ പറയുന്ന ലക്ഷണങ്ങൾ ള്ളവർക്ക് ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.


1. ശരീരത്തിന്റെ ഇടത് ഭാഗത്തായി ഉണ്ടാകുന്ന നെഞ്ചുവേദന.

2. തണുത്ത ശരീരം

3. മനംപിരട്ടൽ / തലകറക്കം/ഛര്‍ദ്ദി

4. കഴുത്തിലോ താടിയെല്ലിലോ ഉണ്ടാകുന്ന വേദന

5. ശ്വാസതടസം അല്ലെങ്കിൽ വേഗത്തിൽ ഉള്ള ശ്വസനം

6. തോളുകൾ അല്ലെങ്കിൽ കൈകളിൽ ഉണ്ടാകുന്ന വേദന


ഇസ്കെമിക് ഹൃദ്രോഗത്തിന്റെ കാരണങ്ങൾ?


രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞ കൂടുന്നതുമൂലം ഹൃദയധമനികളിലേക്ക് ഉള്ള രക്തപ്രവാഹം കുറയുകയും തന്മൂലം ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുകയും ചെയ്യുന്നു. ഹൃദയത്തിൽ രക്തം കട്ടപിടിക്കുക, ഹൃദയധമനികൾ ദൃഡീകരിക്കുക തുടങ്ങിയ രോഗമുള്ളവരിൽ ഇസ്കെമിക് ഹൃദ്രോഗ സാധ്യത കൂടുതലാണ്.


ഇസ്കെമിക് ഹൃദ്രോഗത്തിലെ അപകട ഘടകങ്ങൾ എന്തൊക്കെയാണ്?


നിരവധി ഘടകങ്ങൾ ഇസ്കെമിക് ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എങ്കിലും ഈ ലക്ഷണങ്ങൾ ഉള്ള എല്ലാവരിലും ഇസ്കെമിക് ഹൃദ്രോഗം വരണമെന്നില്ല. ചില ഘടകങ്ങൾ താഴെ ചേർക്കുന്നു:


1. പ്രമേഹം

2. പാരമ്പര്യമായി ഹൃദ്രോഗമുള്ളവർ

3. രക്തത്തിലെ ഉയർന്ന കൊളസ്‌ട്രോൾ

4. രക്തത്തിലെ ഉയർന്ന ട്രൈഗ്ലിസറൈഡുകൾ

5. അമിതവണ്ണം

6. ശാരീരിക നിഷ്‌ക്രിയത്വം

7. പുകവലി, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം


ഇസ്കെമിക് ഹൃദ്രോഗ സാധ്യത എങ്ങനെ കുറയ്ക്കാം?


ഇസ്കെമിക് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.


1 . നിങ്ങൾ ഒരു പ്രമേഹരോഗിയാണെകിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുക.

2 . നിത്യേനയുള്ള ശരീരവ്യായാമം.

3 . രക്തത്തിലെ കൊഴുപ്പ് / കൊളെസ്ട്രോൾ അളവ് ക്രമീകരിക്കുക.

4 . സാധാരണനിലയിലുള്ള രക്തസമ്മർദം

5 . പുകവലി, പുകയിലഉല്പന്നങ്ങൾ എന്നിവ ഉപേക്ഷിക്കുക.

6 . ആഹാരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുക.


ഇസ്കെമിക് ഹൃദ്രോഗം എങ്ങനെ ചികിൽസിക്കാം?


ഇസ്കെമിക് ഹൃദ്രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. പലവിധ പരിശോധനകളിലൂടെ രോഗനിര്ണയം നടത്താൻ ഡോക്ടർക്ക് കഴിയുന്നു.


ഇസ്കെമിക് ഹൃദ്രോഗചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾ


1 . ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം (ACE) ഇൻഹിബിറ്ററുകൾ: രക്തക്കുഴലുകളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

2 .ആൻജിയോടെൻസിൻ റിസപ്റ്റർ ബ്ലോക്കറുകൾ (ARBs) : രക്തസമ്മർദം കുറയ്ക്കുന്നു.

3 . റാനോലാസൈൻ

4 .ആന്റിപ്ലേറ്റ്ലെറ്റ് മരുന്നുകൾ : രക്തം കട്ടപിടിക്കുന്നത് തടയുന്നു.

5 . ബീറ്റാ-ബ്ലോക്കറുകൾ : ഹൃദയമിടിപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

6 . കാൽസ്യം ചാനൽ ബ്ലോക്കറുകൾ: ഹൃദയപേശികളുടെ ജോലിഭാരം കുറയ്ക്കുന്നു.

7 . നൈട്രേറ്റുകൾ : ചുരുങ്ങിയ രക്തക്കുഴലുകളെ വലുതാക്കാൻ സഹായിക്കുന്നു.

8 . സ്റ്റാറ്റിൻസ് : രക്തത്തിലെ കൊളെസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.


ഇസ്കെമിക് ഹൃദ്രോഗചികിത്സക്ക് വിവിധ തരത്തിലുള്ള മരുന്നുകൾ ലഭ്യമാണ് . ഓരോരുത്തരുടെയും ശരീരത്തിന് അനുസൃതമായി ഉചിതമായ മരുന്നുകൾ ഡോക്ടർ നിർദേശിക്കുന്നു. തുടർന്നും ചികിത്സാരീതികൾ കൃത്യമായി പാലിക്കേണ്ടതും മരുന്നുകൾ കഴിക്കുന്നതും പ്രധാനമാണ്. ഡോക്ടർ നിർദേശിക്കുന്ന ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടതും ഇസ്കെമിക് ഹൃദ്രോഗചികിത്സക്ക് അനിവാര്യമാണ്.


ഇസ്കെമിക് ഹൃദ്രോഗത്തെ ചികിത്സിക്കുന്നതിനുള്ള ശസ്ത്രക്രിയാ രീതികൾ:


മരുന്നുകൾ കൊണ്ട് ശമിപ്പിക്കാൻ കഴിയാത്ത അവസ്ഥകളിൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നു. അവയിൽ ചിലത് താഴെ ചേർക്കുന്നു.


ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റ് പ്ലേസ്മെന്റ് : അടഞ്ഞ രക്തധമനികളിലെ ഫലകങ്ങൾ നീക്കം ചെയ്യാനും രക്തസംക്രമണം പുനഃസ്ഥാപിക്കാനും ഈ ശസ്ത്രക്രിയ സഹായിക്കുന്നു.


കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് : ശത്രക്രിയയിലൂടെ ശരീരത്തിലെ മറ്റ് ഭാഗത്തു നിന്നും ശുദ്ധരക്ത വാഹിനി ഹൃദയധമനികളിൽ ഘടിപ്പിക്കുകയും അത് വഴി ഹൃദയത്തിലേക്കുള്ള രക്തചംക്രമണം സുഗമം ആക്കുകയും ചെയ്യുന്നു.


ഇസ്കെമിക് ഹൃദ്രോഗത്തിന്റെ സങ്കീർണതകൾ എന്തൊക്കെയാണ്?


ഇസ്കെമിക് ഹൃദ്രോഗത്തിന്റെ സങ്കീർണതകളിൽ ചിലത് ചുവടെ ചേർക്കുന്നു.


1 . അരിത്‌മിയ (ക്രമരഹിതമായ ഹൃദയ താളം)

2 . വിട്ടമാറാത്ത നെഞ്ചുവേദന

3 . സാന്ദ്രതയേറിയ ഹൃദയസ്തംഭനം.

4 . ഹൃദയാക്ഷതം

5 . മയോകാർഡിയൽ ഇൻഫാർക്ഷൻ (ഹൃദയാഘാതം)


കൃത്യതയോടെയുള്ള ജീവിതരീതികളിലൂടെയും രോഗനിർണയത്തിലൂടെയും ഒരു ഡോക്ടറുടെ സഹായത്തോടെ നമുക്ക് ഇസ്കെമിക് ഹൃദ്രോഗത്തെ ചെറുത്തുനിൽക്കാൻ കഴിയും.

Recent Posts

See All

ഈ 8 കാരണങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ ശിശുരോഗവിദഗ്ദ്ധനിലേക്ക് എത്തിക്കുന്നു

കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ഒരു ശിശുരോഗവിദഗ്ദ്ധൻ പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ കുട്ടികൾക്ക് എന്തെങ്കിലും അസുഖം പിടിപെട്ടാൽ ഒരു...

വിറ്റാമിൻ ഡി അപര്യാപ്തത - വിറ്റാമിൻ ഡി അപര്യാപ്തയിൽ നിന്നും എങ്ങനെ മോചനം നേടാം?

1 ഹെൽത്ത് ഡോക്ടർ ഡോ. രാകേഷ് മോഹൻ കർണാടകയിലെ ബാംഗ്ലൂരിലെ ദശരഹള്ളിയിലെ ഓർത്തോപീഡിസ്റ്റാണ്. വിറ്റാമിൻ ഡി കുറവ്വുമായി ബന്ധപ്പെട്ട...

Comments


bottom of page